പാലക്കാട് : സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്കു സില്‍വര്‍ ലൈന്‍ പദ്ധതി റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്ത വേഗം ലഭിക്കില്ലെന്നു റെയില്‍വേ. പദ്ധതി രേഖയിലെ ലൈനില്‍ വളവുകളും കയറ്റിറക്കങ്ങളും ഏറെയുണ്ടെന്നതു വേഗത്തെ ബാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമാണു കെ റെയില്‍ പ്രതീക്ഷിക്കുന്നത്. അതിവേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കേണ്ട ലൈനുകള്‍ കഴിയുന്നതും നേര്രേഖയിലാകണം. എന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതിരേഖയില്‍ വളവുകള്‍ പലയിടത്തും സാധാരണ റെയില്‍വേ ലൈനിലേതു പോലെയാണ്. ഓരോ വളവിലും വേഗം കുറയ്ക്കേണ്ടി വരും. 4 കിലോമീറ്ററിലധികം ദൂരമെടുത്തു തിരിയേണ്ട പല വളവുകളും ഒരു കിലോമീറ്ററില്‍ താഴെ നീളത്തില്‍ തിരിയുന്ന രീതിയിലാണ്.
ഇന്ത്യന്‍ റെയില്‍വേ ബ്രോഡ്ഗേജില്‍ ഉദ്ദേശിക്കുന്ന ഹൈസ്പീഡ് ലൈനുകള്ക്കെല്ലാം വളവുകള്‍ വേണ്ടത്ര സ്ഥലമെടുത്താണു നിര്‍മിക്കുന്നതെന്നു റെയില്‍വേ കെ റെയിലിനു നല്കിയ കത്തില്‍ സൂചിപ്പിക്കുന്നു. നിര്‍ദിഷ്ട പുണെ – നാസിക് അതിവേഗ ബ്രോഡ്ഗേജ് ലൈനില്‍ കൂടിയ വളവ് 4,000 മീറ്റര്‍ റേഡിയസ് ആണ് ഉദ്ദേശിക്കുന്നത് (0.4375 ഡിഗ്രി). മണിക്കൂറില്‍ 250 കിലോമീറ്റര്‍ സ്പീഡ് ലഭിക്കാന്‍ ഇത് ആവശ്യമാണ്. എന്നാല്‍, പദ്ധതിരേഖ അനുസരിച്ച് സില്‍വര്‍ ലൈനിന്റേത് 1850 മീറ്റര്‍ മാത്രമാണ്. സ്റ്റേഷനു സമീപം അത് 650 മീറ്റര്‍ മാത്രമാണ്. റെയില്‍വേ സുരക്ഷാ നിയമമനുസരിച്ച് 200 കിലോമീറ്റര്‍ ശരാശരി വേഗം ലഭിക്കാന്‍ ട്രയല്‍ റണ്ണില്‍ 220 കിലോമീറ്റര്‍ വേഗമെടുക്കാന്‍ സാധിക്കണം. എന്നാല്‍, സില്‍വര്‍ ലൈനില്‍ അത് അസാധ്യമാണ്. അതു സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ തടസ്സമാകും.