കോതമംഗലം : മോഷ്ടിച്ച ഭാഗ്യക്കുറിക്ക് സമ്മാനം അടിച്ചത് മോഷ്ടാവിന് കുരുക്കായി. കോതമംഗലത്തു നിന്ന് മോഷ്ടിച്ച ഭാഗ്യക്കുറി പാലായിൽ മാറുന്നതിനിടെയാണ് മോഷ്ടാവിനെ കുറിച്ച് വിവരം ലഭിച്ചത്. കോതമംഗലത്ത് ലോട്ടറി കട കുത്തിത്തുറന്ന് ഭാഗ്യക്കുറി മോഷ്ടിച്ച കേസിൽ പാലാ പന്ത്രണ്ടാം മൈൽ ഉറുമ്പിൽ ബാബു (അനാഥൻ ബാബു-56) ആണ് അറസ്റ്റിലായത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ജെ.ജെ. ലോട്ടറീസിൽനിന്ന് നവംബർ പന്ത്രണ്ടിന് 80,000 രൂപയുടെ 2520 ലോട്ടറികളാണ് മോഷ്ടിച്ചത്. മോഷണം പോയ ലോട്ടറികളുടെ നമ്പർ വിവരങ്ങൾ ഏജൻസികളുടെ സംഘടന മുഖേന എല്ലായിടത്തേക്കും പോലീസ് അറിയിച്ചിരുന്നു. മോഷ്ടിച്ച ലോട്ടറികളിൽ ഒന്നിന് 5000 രൂപയുടെ സമ്മാനം അടിച്ചു. ഈ ടിക്കറ്റുമായി പാലായിലെ ഒരു ലോട്ടറി ഏജൻസിയിൽ മാറാൻ എത്തിയപ്പോൾ സംശയം തോന്നിയ കട ഉടമ പോലീസിനെ അറിയിക്കുകയായിരുന്നു.
ബാബു സമ്മാനം ലഭിച്ച ലോട്ടറി നൽകിയപ്പോൾ കടയുടമ മൊബൈലിൽ മോഷണം പോയ ലോട്ടറി നമ്പറുമായി ഒത്തുനോക്കി. ലോട്ടറി ഏജന്റിന് കാര്യം മനസ്സിലായെന്നു ബോധ്യമായ ബാബു ലോട്ടറിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. ഇയാളെ പോലീസ് തിരയുന്നതിനിടെ കാഞ്ഞിരപ്പള്ളി പോലീസ് കേബിൾ മോഷണത്തിന് ബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വ്യാഴാഴ്ച കോതമംഗലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂട്ടുപ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു. മുപ്പതോളം കേസിലെ പ്രതിയാണ് ബാബുവെന്ന് പോലീസ് പറഞ്ഞു.