തൃശൂർ: തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടും. ഡാമിന്റെ ജലവിതാന നിരപ്പായ 424 മീറ്ററിൽ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തിൽ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യപിച്ചിട്ടുണ്ട്. കോഴിക്കോട്, പത്തനംതിട്ട, കാസർഗോഡ്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്.