സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ഏക സിവിൽ കോഡിനെതിരായ പ്രചാരണമായിരിക്കും പ്രധാന ചർച്ച വിഷയം. വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. ഇ.എം.എസിൻ്റെ മുൻ നിലപാട് കോൺഗ്രസ് ആയുധമാക്കിയിരിക്കെ അതിനെ പ്രതിരോധിക്കാനുള്ള മറുതന്ത്രം സെക്രട്ടേറിയറ്റിൽ ചർച്ചയാകും. ഇ.എം.എസിൻ്റെ നിലപാടുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദത്തെ എങ്ങനെ നേരിടുമെന്നതിൽ സി.പി.ഐ.എമ്മിൽ ആശയക്കുഴപ്പമുണ്ട്. ഹിമാചൽ മന്ത്രി ഏക സിവിൽ കോഡിനെ അനുകൂലിച്ചതു ചൂണ്ടിക്കാണിച്ചാണ് നിലവിൽ മറുപടി. സ്വന്തം നിലപാട് പറയുന്നതിന് പകരം സി.പി.ഐ.എമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസിൻ്റെ ഒളിച്ചോട്ട തന്ത്രമാണ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി സമരങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാത്തത് കോൺഗ്രസ് പ്രചാരണായുധമാക്കുന്നതും ചർച്ചയാകും.