കൊച്ചി : കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സി പി എം സമ്മേളനം നടത്താന്‍ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളെ ഉദാഹരണമായി സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം തൃശൂരും കാസര്‍ഗോഡും കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആര്‍ അനുസരിച്ച് തൃശ്ശൂരും കാസര്‍കോടും കര്‍ശന നിയന്ത്രണം വേണ്ട ജില്ലകളാണ്. പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങള്‍ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകള്‍ രോഗബാധിതരായി. നേതാക്കള്‍ വിവിധ ജില്ലകളിലെത്തി രോഗം പടര്‍ത്തി.
ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നത് എകെജി സെന്ററില്‍ നിന്നാണ്. പൊതുപരിപാടികള്‍ റദ്ദാക്കിയെന്ന ഉത്തരവ് കാസര്‍കോട് കളക്ടര്‍ നിമിഷങ്ങള്‍ക്കകം റദ്ദാക്കി. സമ്മര്‍ദ്ദം മൂലമല്ല അങ്ങനെ ചെയ്തതെന്നൊക്കെ വിശദീകരിക്കാനല്ലേ പറ്റൂ. ആരോഗ്യവകുപ്പ് നിശ്ചലമാണ് ആരോഗ്യവകുപ്പ് ജനങ്ങളെ പരിഹസിക്കുകയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.