തിരുവനന്തപുരം> ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. കേരളത്തിന്റെ ചിത്രകലാരംഗത്ത് തനതായ മുദ്ര പതിപ്പിച്ച ചിത്രകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി . വാക്കുകൾ കാവ്യമായി രൂപപ്പെടുന്ന മാന്ത്രികത അദ്ദേഹം വരയ്ക്കുന്ന ‘രേഖകൾ’ക്കുണ്ട്. എത്ര അന്വർത്ഥമാണ് അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള പുസ്തകത്തിന് ‘രേഖകൾ ‘ എന്ന പേരെന്ന് തോന്നിയിട്ടുണ്ട്. എം ടി യുടെ രണ്ടാമൂഴവും വി.കെ.എൻ കഥകളും ഓർക്കുമ്പോൾ ഒരു പക്ഷെ അവരെഴുതിയ വാചകങ്ങളേക്കാൾ മുമ്പ് മനസ്സിലെത്തുക നമ്പൂതിരിയുടെ വരകളാണ്.
മാതൃഭൂമി ആഴ്ചപതിപ്പിലെ എഴുത്തുകൾക്ക് ജീവൻ നൽകുന്നതിൽ അദ്ദേഹത്തിന്റെ രേഖാചിത്രങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. വരകൾ ചേർന്ന് ചിത്രമാകാനാകാത്ത വിടവാണ് നമ്പൂതിരിയില്ലാത്ത കേരളീയ ചിത്രകലാരംഗത്തുണ്ടാകുക. എങ്കിലും അദ്ദേഹം ലോഹത്തകിടുകളിൽ കൊത്തിയ ശില്പങ്ങൾ പോലെ വ്യക്തമായും സുന്ദരമായും കേരള ചരിത്രത്തിൽ നമ്പൂതിരി ആർട്ടിസ്റ്റായി അടയാളപ്പെട്ടു കിടക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബാംഗങ്ങളുടെയും, കലാസ്വാദകരുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.