ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ബി.ജെ.പി എം.പിയും ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസയച്ചു. റോസ് അവന്യൂ കോടതി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്പാൽ ആണ് ബ്രിജ് ഭൂഷണിനും ഡബ്ല്യുഎഫ്‌ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും വെള്ളിയാഴ്ച സമൻസയച്ചത്.
ഏപ്രിൽ 21നാണ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങൾ സിങ്ങിനെതിരെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ ലൈംഗിക പീഡനത്തിനും ക്രിമിനൽ ഭീഷണിക്കും വെവ്വേറെ പരാതി നൽകിയത്. എന്നാൽ, പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന്, ഏപ്രിൽ 28ന് പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. പിന്നാലെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പിതാവും മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ പുതിയ മൊഴിയിൽ സിംഗിനെതിരായ ആരോപണങ്ങൾ പിൻവലിച്ചിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 354 എ, 354 ഡി വകുപ്പുകൾ പ്രകാരമാണ് ഡൽഹി പൊലീസ് ബ്രിജ് ഭൂഷണിനിതെിരെ കേസെടുത്തത്. വിനോദ് തോമറിനെതിരെ 109, 506 വകുപ്പുകൾ പ്രകാരമാണ് കേസ്.