ന്യൂഡൽഹി: ഗൂഗ്ളിലെ മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് മാനേജർക്കും പണി പോയി. ഗൂഗ്ൾ ജനുവരിയിൽ 12,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ജീവനക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും നോക്കുന്ന മാനേജറും ഉൾപ്പെട്ടത്. 10 വർഷമായി കമ്പനിയിൽ ജോലി നോക്കുന്ന ഗാബി ട്രിസാണ് ജോലി പോയ വിവരം ലിങ്ക്ഡ് ഇന്നിലൂടെ അറിയിച്ചത്.
ആയിരക്കണക്കിന് ആളുകൾക്കൊപ്പം താനും ഗൂഗ്ളിൽ നിന്ന് പോവുകയാണെന്ന് ഗാബി ട്രിസ് അറിയിച്ചു. പ്രസവാവധിയിൽ ആയതിനാലാണ് കമ്പനിയിൽ നിന്നും പോവാൻ തനിക്ക് സാവകാശം ലഭിച്ചത്. കമ്പനിക്ക് വേണ്ടി മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ട്രിസ് പറഞ്ഞു.
അതേസമയം, തന്റെ പുതിയ തട്ടകം ഏതായിരിക്കുമെന്ന് ട്രിസ് വെളിപ്പെടുത്തിയിട്ടില്ല. ജനുവരി 20നാണ് ഗൂഗ്ളിലെ 12,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് സി.ഇ.ഒ സുന്ദർ പിച്ചെ അറിയിച്ചത്. ആഗോളതലത്തിൽ ആറ് ശതമാനം ജീവനക്കാരെയാണ് ഗൂഗ്ൾ ഇത്തരത്തിൽ ഒഴിവാക്കുന്നത്.