കൊച്ചി> ബ്രഹ്‌മപുരം അടക്കമുള്ള മാലിന്യസംസ്കരണ പ്രശ്നങ്ങൾ പരിഗണിക്കാനായി ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഉത്തരവിറക്കാൻ രജിസ്ട്രിയോട് നിർദേശിച്ചു. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ കാലതാമസം നേരിടുന്നതായി അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാണിച്ചതോടെയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഉത്തരവിട്ടത്.
പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെത്തുടർന്ന് പിടിച്ചെടുത്ത മൂന്ന് വാഹനങ്ങൾ വിട്ടുനൽകിയ എറണാകുളം മജിസ്‌ട്രേട്ട് കോടതിയോട് ഡിവിഷൻ ബെഞ്ച് വിശദീകരണം തേടി. ഇത്തരം വാഹനങ്ങൾ ഹൈക്കോടതിയുടെ അനുമതിയോടെമാത്രമേ വിട്ടുനൽകാവൂ എന്ന് നേരത്തേ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് മജിസ്‌ട്രേട്ട്‌കോടതിയെ അറിയിച്ചതായി സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചതോടെയാണ് കീഴ്‌ക്കോടതിയോട് വിശദീകരണം തേടിയത്.
മാലിന്യസംസ്‌ക്കരണ നടപടികളിൽ വീഴ്‌ച വരുത്തിയതിന് കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴയിട്ട ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്മേലുള്ള സ്‌റ്റേ ആഗസ്‌ത് 31 വരെ നീട്ടി. കൊച്ചി നഗരസഭയിലെ മാലിന്യസംസ്കരണ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നഗരസഭാ സെക്രട്ടറി ബാബു അബ്ദുൽ ഖദീർ മികച്ച ഇടപെടൽ നടത്തിയതായി ഹൈക്കോടതി വിലയിരുത്തി.
ബ്രഹ്‌മപുരം മാലിന്യസംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് സ്വമേധയാ എടുത്ത ഹർജി വെള്ളിയാഴ്‌ച പരിഗണിക്കുന്നതിനിടെ സംഭവസ്ഥലം ഹൈക്കോടതി ഓൺലൈനായി പരിശോധിച്ചു. മാലിന്യസംസ്കരണത്തിന് ശാസ്‌ത്രീയ സൗകര്യം ഒരുക്കാൻ വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ബിപിസിഎല്ലിന്റെ സഹായത്തോടെ ബയോ സിഎൻജി പ്ലാന്റ് സ്ഥാപിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാർ സാവകാശം തേടി.
ബ്രഹ്‌മപുരത്ത് കത്തിയ മാലിന്യത്തിന്റെ അവശിഷ്‌ങ്ങൾ ചിത്രപ്പുഴയിലേക്ക് ഒഴുകുന്നത് തടയാൻ നടപടിയെടുത്തതായി കലക്ടർ എൻ എസ് കെ ഉമേഷ് കോടതിയെ അറിയിച്ചു. താൽക്കാലിക മാലിന്യസംസ്കരണ സംവിധാനം 100 ദിവസത്തിനകം നടപ്പാക്കുമെന്നും കലക്ടർ വ്യക്തമാക്കി. ഇറച്ചിമാലിന്യം ചാക്കിൽക്കെട്ടി വെള്ളക്കെട്ടിൽ ഉപേക്ഷിക്കുന്നുവെന്ന പരാതിയിൽ കോടതി വിശദീകരണം തേടി. കോഴിമാലിന്യം സംസ്കരിക്കാൻ എല്ലാ ജില്ലകളിലും സൗകര്യം ഒരുക്കിയതായി സർക്കാരും വ്യക്തമാക്കി.