തിരുവനന്തപുരം : പ്രളയം, ജലമൊഴുക്ക് തുടങ്ങിയവയെക്കുറിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ ഉന്നയിച്ച സംശയങ്ങള്‍ പഠനവിധേയമാക്കുന്ന ഹൈഡ്രോളജിക്കല്‍ റിപ്പോര്‍ട്ടിന്റെ ആദ്യഘട്ടം 3 ആഴ്ചയ്ക്കകം പൂര്‍ത്തിയാകും. അന്തിമ റിപ്പോര്‍ട്ട് മേയ് അവസാനത്തോടെ സമര്‍പ്പിക്കും. ഫീല്‍ഡ് സര്‍വേ 70% പൂര്‍ത്തിയായി. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് കണ്‍സല്‍റ്റന്‍സി കോര്‍പറേഷനായ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് (റൈറ്റ്‌സ്) ആണു സര്‍വേ നടത്തുന്നത്. സമീപപ്രദേശങ്ങളിലെ ജലാശയങ്ങളുടെ സംഭരണശേഷി, ശക്തമായ മഴ പെയ്താല്‍ ജലനിരപ്പ് എത്ര ഉയരാം എന്നിവയാണു കണ്ടെത്തേണ്ടത്.
ഇതിനായി കഴിഞ്ഞ 100 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന മഴയുടെ ശരാശരി നിര്‍ണയിക്കും. സര്‍വേക്കു ശേഷമുള്ള രണ്ടാം ഘട്ട പഠനത്തിനു 2 മാസത്തിലേറെ വേണ്ടിവരും. . ഹൈഡ്രോളജിക്കല്‍ സര്‍വേക്ക് അനുബന്ധമായി ഹൈഡ്രോഗ്രഫിക് സര്‍വേയും പൂര്‍ത്തിയാക്കും. അലൈന്‍മെന്റ് കടന്നുപോകുന്ന ജലാശയങ്ങളിലെ ആഴം ആണു പഠിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും പാലങ്ങളുടെയും വയാഡക്റ്റുകളുടെയും രൂപകല്‍പന.
കൂടുതല്‍ വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍
സാങ്കേതിക വിശദാംശങ്ങള്‍ നല്‍കാന്‍ കെആര്‍ഡിസിഎല്ലിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അലൈന്‍മെന്റ് പ്ലാന്‍, റെയില്‍വേ ഭൂമി, സ്വകാര്യ ഭൂമി, നിലവിലെ റെയില്‍വേ ട്രാക്ക് ക്രോസിങ് തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആര്‍ വിശദമായി പരിശോധിക്കും. ഇതിന് ശേഷം സാമ്പത്തികമായി സാധ്യമായ പദ്ധതിയാണോ എന്നതടക്കം കേന്ദ്ര ധനമന്ത്രാലയവും നീതി ആയോഗും പരിശോധിക്കുമെന്നും കേന്ദ്രം വിശദീകരിച്ചു.