കൊച്ചി> ആരോഗ്യസ്ഥിതി മോശമായതിനാൽ കൊല്ലത്ത് ബാപ്പയെ കാണാൻ പോകാനാകാതെ കൊച്ചിയിൽ ആശുപത്രിയിൽ കഴിയേണ്ടിവന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി. വെള്ളി രാത്രി 9.20നുള്ള ഇൻഡിഗോ വിമാനത്തിൽ നെടുമ്പാശേരിയിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചു.
കൊല്ലത്തെ വീട്ടിൽ രോഗശയ്യയിലായ ബാപ്പയെ കാണാൻ ജാമ്യവ്യവസ്ഥയിൽ സുപ്രീംകോടതി അനുവദിച്ച ഇളവ് ശനിയാഴ്ച അവസാനിക്കും. ജൂൺ 26നാണ് ബംഗളൂരുവിൽനിന്ന് വിമാനമാർഗം കൊച്ചിയിലെത്തിയത്. കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദവും ക്രിയാറ്റിനും കൂടിയതോടെ ആശുപത്രിയിൽ തുടരേണ്ടിവന്നു.
ബാപ്പയെ കൊച്ചിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ അതുംനടന്നില്ല. ഏപ്രിൽ 17നാണ് ബാപ്പയെ സന്ദർശിക്കാൻ മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നൽകിയത്. സുരക്ഷാ ചെലവിനത്തിൽ അന്നത്തെ കർണാടക സർക്കാർ 60 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കുകയായിരുന്നു. മാറിവന്ന കർണാടക സർക്കാർ ഇളവ് നൽകിയതോടെയാണ് കേരളത്തിലേക്ക് വരാനായത്.