തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ബന്ധപ്പെട്ടിരിക്കുന്നു. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ തന്നെ ചില ഹെയര്‍ പാക്കുകളുടെ ഉപയോഗവും തലമുടി വളരാന്‍ സഹായിക്കും. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇഞ്ചി.
നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, തലമുടിയുടെ ആരോഗ്യത്തിനും ഇഞ്ചി സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തം തലയോട്ടിലെ രക്തചക്രമണത്തിന് ഉത്തേജനം നൽകുകയും തലമുടി കൊഴിച്ചില്‍ തടയുകയും ചെയ്യും. വിറ്റാമിനുകളും മറ്റും അടങ്ങിയ ഇഞ്ചി തലമുടിയിലെ കേടുകള്‍ പരിഹരിക്കാനും സഹായിക്കും. ഒപ്പം നല്ല നീളമുള്ള തലമുടി വളരാനും ഇഞ്ചി ഗുണം ചെയ്യും. ഇതിനായി ഇഞ്ചി നീര് തലയോട്ടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
താരനെ തടയാനും ഇഞ്ചി കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ സഹായിക്കും. ഇതിനായി ഷാംപൂവിനൊപ്പം ഇഞ്ചി നീര് കൂടി ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. അതുപോലെ ഒരു സവാള മിക്സിയിൽ അരച്ച് നീര് പിഴിഞ്ഞെടുക്കുക.ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി നീര് കൂടി ചേർത്ത് മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂറോളം കാത്തിരിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. കേടായ മുടിയിഴകളെ നന്നാക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും.