തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെന്നത് ആശ്വാസമാണ്. എന്നാൽ നാല് ജില്ലകളിൽ യെല്ലോ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പിൽ നാളെ മുതൽ ഒരു ജില്ലയിലും നിലവിൽ ജാഗ്രത മുന്നറിയിപ്പില്ല. 9, 10, 11 തിയതികളിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും യെല്ലോ അലർട്ട് പോലും നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. ഇത് നൽകുന്ന സൂചന കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു എന്നതാണ്.