എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. സെബം അമിതമായി ഉൽപ്പാദിപ്പിക്കുന്ന ഒരു ചർമ്മമാണിത്. എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ മുഖകുരു വരാനുളള സാധ്യത ഏറെ കൂടുതലാണ്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക.
എണ്ണമയമുള്ള ചർമ്മത്തെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റായ അഞ്ജലി മുഖർജി. അവ എന്തൊക്കെയാണെന്ന് നോക്കാം…
1. എണ്ണമയമുള്ള ചർമ്മമുള്ളവർ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തിലാണ്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ബട്ടര്‍, ചീസ്, ഉയര്‍ന്ന ഫാറ്റ് അടങ്ങിയ പാലുല്‍പ്പനങ്ങള്‍, ബിസ്കറ്റ്, കേക്ക്, ചോക്ലേറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
2. വിറ്റാമിൻ ബി 2-ന്‍റെ കുറവും എണ്ണമയമുള്ള ചർമ്മത്തിന് കാരണമാകും. അതിനാൽ, ചീര, ഗോതമ്പ്, ചെറുപയർ എന്നിവ ഡയറ്റില്‍ ഉൾപ്പെടുത്തുക. സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക.
3. ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാം. വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും സെബം ഉൽപ്പാദനം നിയന്ത്രിക്കാനും സഹായിക്കും.
4. മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങാൻ പോകരുത്. മേക്കപ്പ് നീക്കം ചെയ്യാതിരുന്നാല്‍ നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങൾ അടഞ്ഞുപോകുകയും ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. അതിനാല്‍ മേക്കപ്പ് നീക്കം ചെയ്തതിന് ശേഷം മാത്രം കിടക്കുക.
5. ചര്‍മ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാൻ, ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു മഡ് പാക്ക് ഉപയോഗിക്കുക. എണ്ണമയമുള്ള ചർമ്മത്തിന് ഇത് ഒരു മികച്ച പ്രതിവിധിയാണ്.
6. എണ്ണമയമുള്ള ചർമ്മത്തിന് ലാവെൻഡർ വളരെ നല്ലതാണ്. ദിവസത്തിൽ രണ്ടുതവണ ലാവെൻഡർ വെള്ളം ഉപയോഗിച്ച് മുഖത്ത് സ്പ്രേ ചെയ്യുന്നത് നല്ലതാണ്.
7. നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കുക. ഇത് നിങ്ങളുടെ ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കും.
8. നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ നോണ്‍ വെജ് ഭക്ഷണം പരമാവധി ഒഴിവാക്കുക. ഇവയില്‍ കൊഴുപ്പിന്‍റെ അളവ് കൂടുതലുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമാണ്. ഇതും എണ്ണമയമുള്ള ചർമ്മത്തിന് കാരണമാകുന്നു.
9. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.