തിരുവനന്തപുരം: ആലപ്പുഴയിൽ 15കാരൻ അമീബിക്ക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച് മരിച്ച പശ്ചാത്തലത്തിൽ കുട്ടികളിൽ ഉൾപ്പടെയുള്ളവരിൽ മുൻകരുതൽ അതീവ പ്രധാനം. മഴക്കാലമായതിനാൽ കൂടുതൽ ജാഗ്രത വേണമെന്നാണ് നിർദേശം. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം, ശുദ്ധമല്ലാത്ത വെള്ളത്തിൽ മൂക്കും വായും കഴുകരുത്, മഴക്കാലത്ത് ഉറവയെടുക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണം, ഒഴുക്കില്ലാത്ത വെള്ളത്തിൽ ആണ് കൂടുതൽ അപകട സാധ്യത, മലിനമായ വെള്ളത്തിൽ മുങ്ങിക്കുളി ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിട്ടുള്ളത്. പനി, തലവേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ.
വളരെ വിരളമാണ് രോഗം. സ്ഥലത്ത് പ്രതിരോധ പ്രവർത്തനം നടത്തി വരികയാണ്. മുൻപ് സംസ്ഥാനത്ത് 5 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 2016ൽ ആലപ്പുഴ, 2019,2020 മലപ്പുറം, 2020ൽ കോഴിക്കോട്, 2022 തൃശൂർ എന്നിവിടങ്ങളിലാണത്. മരണ നിരക്ക് 100 ശതമാനത്തിന് അടുത്താണ്.