ഹേഗ്∙ നവംബറിൽ തിരഞ്ഞെടുപ്പു നേരിടാനിരിക്കെ കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ട ഡച്ച് സഖ്യ സർക്കാർ താഴെവീണു. പ്രധാനമന്ത്രി മാർക് റുട്ടെയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ് വീണത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി റുട്ടെ വിവിധ സഖ്യകക്ഷികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. നെതർലാന്‍ഡിൽ ദീർഘകാലം സേവനമനുഷ്ഠിച്ച നേതാവാണ് മാർക് റുട്ടെ. യൂറോപ്പിലെ ഏറ്റവും പരിചയ സമ്പന്നരായ രാഷ്ട്രീയക്കാരിൽ ഒരാൾ. അഭയാര്‍ഥി പ്രശ്നവുമായി ബന്ധപ്പെട്ട് റുട്ടെ നടത്തിയ ഇടപെടലുകൾ സഖ്യകക്ഷികളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. അഭയാർഥി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും റുട്ടെയ്ക്കു തിരിച്ചടിയായി.
കുടിയേറ്റനയത്തിൽ സഖ്യകക്ഷികൾക്കു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്നതു രഹസ്യമല്ല എന്നായിരുന്നു സഖ്യകക്ഷികളുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് റുട്ടെ പറഞ്ഞത്. ‘‘നിർഭാഗ്യമെന്നു പറയട്ടെ, അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനാകില്ലെന്ന നിഗമനത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. അതുകൊണ്ട് ഉടൻ തന്നെ എന്റെ രാജിക്കത്ത് രാജാവിനു കൈമാറും.’’– റുട്ടെ വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെ വില്യം അലക്സാണ്ടർ രാജാവിന് മാർക് റുട്ടെ രാജിക്കത്ത് കൈമാറി. 2010ലെ അധികാര കൈമാറ്റത്തിനു ശേഷം റുട്ടെയുണ്ടാക്കിയ നാലാമത്തെ സഖ്യസർക്കാരാണ് ഇത്. ദീർഘനാളത്തെ ചർച്ചകൾക്കു ശേഷം 2022ലാണ് മാർക് റുട്ടെ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തത്തത്. എന്നാൽ സഖ്യകക്ഷികൾക്കിടയിൽ പല വിഷയങ്ങളിലും ഭിന്നതരൂക്ഷമായിരുന്നു.