ആലപ്പുഴ: വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പെടെ നിരവധി കേസിൽ പ്രതിയുമായ തൃപ്പൂണിത്തുറ എരൂർ കേച്ചേരി വീട്ടിൽ സുജിത്ത് (42) ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച വൈകുന്നേരം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപത്തായി പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞു വഴിയോര കച്ചവടക്കാരായ അന്യസംസ്ഥാന സ്വദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുമ്പോഴായിരുന്നു ഇയാള്‍ പിടിയിലായത്.കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പടെ നിരവധി കേസിൽ പ്രതിയുമാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ജൂലൈ മാസം ജയിൽ മോചിതനായ പ്രതി ബൈക്ക് മോഷ്ടിച്ച് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിലും, ഏറ്റുമാനൂരും സ്ത്രീകളുടെ മാല പൊട്ടിച്ചതായും സമ്മതിച്ചു.
കേരളത്തിൽ നിന്നും മോഷ്ടിച്ചു കൊണ്ടുചെല്ലുന്ന വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയായ കന്യാകുമാരി സ്വദേശി ഹരീന്ദ്ര ഇർവിനെ കള്ളനോട്ട്, തോക്ക്, സ്ഫോടക വസ്തുക്കൾ അടക്കം നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. കോട്ടയം ജില്ലയിലെ പോലീസ് സുജിത്തിനെ പിടികൂടാൻ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ചെങ്ങന്നൂർ പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് നിലവിൽ കേസുള്ള കോട്ടയം പൊലീസിന് സുജിത്തിനെ കൈമാറി.