മലപ്പുറം: ഏക സിവിൽ കോഡിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണമോ എന്ന് ലീഗ് ഇന്ന് തീരുമാനിക്കും. സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. മുസ്ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇന്ന് പാണക്കാട് ചേരുന്ന അടിയന്തര യോഗം സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. രാവിലെ 9.30 തിന് പാണക്കാടാണ് യോഗം. സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും. സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും യോഗത്തിൽ ചർച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നല പറഞ്ഞിരുന്നു.