കൊച്ചി: കോടതി ഉത്തരവുകൾ നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതിൽ നിർണ്ണായക ചുവട് വെപ്പുമായി കേരള ഹൈക്കോടതി. 317 ഹൈക്കോടതി ഉത്തരവുകളും 5000 ലേറെ ജില്ലാ കോടതി ഉത്തരവുകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കോടതി ഉത്തരവുകൾ വ്യാപകമായി പ്രചരിപ്പിച്ച് കൂടുതൽ പേരിൽ നിയമ അവബോധം ഉണ്ടാക്കുന്നതിന് ലക്ഷ്യമിട്ടാണ് നടപടി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരള ഹൈക്കോടതി ചരിത്രപരമായ ചുവടുവെപ്പ് നടത്തിയത്. ഇംഗ്ലീഷിൽ മാത്രം പുറപ്പെടുവിക്കുന്ന വിധിന്യായങ്ങൾ ഘട്ടം ഘട്ടമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വിധിന്യായങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോൾ ഹൈക്കോടതിയ്ക്ക് പുറമെ ജില്ലാ കോടതി ഉത്തരവുകളും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.
കേരള ഹൈക്കോടതിയിലെ 2017 മുതൽ 2022 വരെ വന്ന 317 ഉത്തരവുകൾ ഇതുവരെ മലയാളത്തിലേക്ക് മാറ്റി. ജില്ലാ കോടതികളിൽ 5186 ഉത്തരവുകളും മലയാളത്തിലേക്ക് മാറ്റി അതാത് കോടതികളുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായി എഐസിടിഇ വികസിപ്പിച്ചെടുത്ത അനുവാദക് സോഫ്റ്റ് വെയർ ആണ് മലയാള പരിഭാഷയ്ക്കായി ഉപയോഗിക്കുന്നത്. നിലവിൽ പല ഇംഗ്ലീഷ് വാക്കുകളും മലയാളത്തിലേക്ക് മാറ്റുമ്പോൾ വാക്കുകൾ സങ്കീർണ്ണമാകുന്നുണ്ട്.
കൂടുതൽ വിധി ന്യായങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ സോഫ്റ്റ് വെയറിന്‍റെ ഭാഷാ ശേഷി വർദ്ദിക്കുമെന്നാണ് ഹൈക്കോടതി സാങ്കേതിക വിദഗ്ധർ പറയുന്നത്. ഹൈക്കോടതി കംപ്യൂട്ടറൈസേഷൻ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്‍റെയും എഐ ട്രാൻസലേഷ്ൻ ഉപദേശക കമ്മിറ്റി അംഗങ്ങളായ ജസ്റ്റിസുമാരായ രാജ വിജയരാഘവൻ,കൗസർ എടപ്പഗത്ത് എന്നിവരുടെയും മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
അടുത്ത ഘട്ടം മാസം അഞ്ച് ഉത്തരവുകളെങ്കിലും ഓരോ ജില്ലാ കോടതിയും മലയാളത്തിലേക്ക് മാറ്റി വെബ്സൈറ്റിൽ ലഭ്യമാക്കുന്ന രീതിയിലേക്ക് പദ്ധതിയെ വളർത്തിയെടുക്കാനാണ് ഉപദേശക സമിതി ലകഷ്യമിടുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കീഴ്കോടതി ഉത്തരവുകൾ പലതും പ്രാദേശിക ഭാഷയിലാണ് പുറപ്പെടുവിക്കുന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവുകൾ ഇംഗ്ലീഷിലാണ്.