ന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മഴ നാശംവിതക്കുന്ന പശ്ചാത്തലത്തിൽ കെടുതികൾ വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരുടെ ഞായറാഴ്ചത്തെ അവധി റദ്ദാക്കി. നിരവധി നഗരങ്ങൾ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പ്രശ്നബാധിത മേഖലകൾ കണ്ടെത്താൻ അവധി റദ്ദാക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആണ് മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയത്.
മേയർക്കും മന്ത്രിമാർക്കുമാണ് മഴക്കെടുതി വിലയിരുത്താനുള്ള മേൽനോട്ട ചുമതല. വെള്ളപ്പൊക്കത്തിലായ മേഖലകൾ ഇന്ന് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി സന്ദർശിക്കും. തിലക് പാലത്തിനടുത്തും അവർ സന്ദർശനം നടത്തും. ഡൽഹിയിൽ മഴ തുടരുകയാണ്. 1982നു ശേഷം ആദ്യമായാണ് ഇവിടെ ഇത്രശക്തമായ മഴ ലഭിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു.
ശനിയാഴ്ച ഡൽഹിയിൽ 126 മി.മി മഴ ലഭിച്ചുവെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ആകെ ലഭിക്കേണ്ട മഴയുടെ 15 ശതമാനം വെറും 12 മണിക്കൂറിൽ ലഭിച്ചു. മഴവെള്ളപ്പാച്ചിലിൽ ജനങ്ങൾ ദുരിതത്തിലാണ്. മേയറും മന്ത്രിമാരും പ്രശ്നബാധിത മേഖലകൾ കണ്ടെത്തണം. ഉദ്യോഗസ്ഥർ ഞായറാഴ്ചത്തെ അവധി റദ്ദാക്കണം.”-കെജ്രിവാൾ ട്വീറ്റ് ചെയ്തു.