മലപ്പുറം : വാഹനം മോഡൽമാറി നൽകിയെന്ന പരാതിയിൽ വാഹന ഉടമയ്ക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി. മഞ്ചേരി തുറയ്ക്കലെ പൂളക്കുന്നൻ മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് നഷ്ടപരിഹാരം വിധിച്ചത്. 4,40,000 രൂപ ഹർജിക്കാരന് നൽകണമെന്നും കമ്പനി ബോധപൂർവം കാലതാമസം വരുത്തിയതിനാൽ 1,00,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതിച്ചെലവുംകൂടി ഒരു മാസത്തിനകം നൽകണമെന്നുമാണ് വിധി.
കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ അംഗവുമായ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനാണ് ശിക്ഷ വിധിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിധിസംഖ്യക്ക് ഒൻപതുശതമാനം പലിശ നൽകണം. 2014 ജനുവരിയിലാണ് 2013 മോഡൽ കാർ താൻ വാങ്ങിയതെന്നും 20 ദിവസം കഴിഞ്ഞ് സർവീസ് ചെയ്യാൻ കൊണ്ടുപോയപ്പോൾ വാഹനത്തിന്റെ ഗ്ലാസുകളിൽ 2012 എന്ന് എഴുതിക്കണ്ടതെന്നും റിയാസ് പറയുന്നു. വാഹനം മാറ്റിത്തരാൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി വിസമ്മതിച്ചെന്നായിരുന്നു പരാതി.
തുടർന്ന് ജില്ലാ ഉപഭോക്തൃഫോറത്തിൽ പരാതി ബോധിപ്പിച്ച് അനുകൂലവിധി നേടിയെങ്കിലും എതിർകക്ഷിയായ മാരുതി കമ്പനി സംസ്ഥാന ഉപഭോക്തൃ കമ്മിഷനിൽ നിന്ന് പുനർവിചാരണയ്ക്ക് ഉത്തരവു നേടി. എന്നാൽ തുടർവിചാരണ വേളയിൽ കമ്പനി പ്രതിനിധികൾ ഉപഭോക്തൃകമ്മിഷനിൽ ഹാജരായില്ല. അതിനിടെ പരാതിക്കാരൻ 2014ൽ വാങ്ങിയ വാഹനം വിറ്റിരുന്നു. ഇതോടെ 2021 മോഡൽ കാർ വാങ്ങുന്നതിനുള്ള തുക കണക്കാക്കി ജില്ലാ ഉപഭോക്തൃ കമ്മിഷൻ നഷ്ടപരിഹാരത്തുക വിധിക്കുകയായിരുന്നു.