ചാമക്കട: കൊല്ലത്ത് ഒരേ സ്ഥലത്ത് ലോട്ടറി കച്ചവടം നടത്തുന്ന രണ്ട് സുഹൃത്തുക്കളുടെ ലോട്ടറിയും പണവും മൊബൈൽ ഫോണും ഒരു മാസത്തിനിടെ മോഷണം പോയി. സിസിടിവി ദൃശ്യം ഉൾപ്പെടെ കിട്ടിയിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. ചാമക്കട ഫയര്‍ സ്റ്റേഷനു സമീപം താമസിക്കുന്ന നാരായണനും സുഹൃത്ത് എസക്കി പാണ്ഡ്യനുമാണ് മോഷണത്തിനിരയായത്.
കൊല്ലം ഗുരുപ്രസാദ് ഹോട്ടലിന്‍റെ കവാടത്തിന്‍റെ ഇരുവശത്തുമായി നാരായണനും എസക്കി പാണ്ടിയനും ലോട്ടറിക്കച്ചടവം തുടങ്ങിയിട്ട് വര്‍ഷേറെയായി. ഇവരുടെ സ്വൈര്യജീവിതം തകര്‍ത്ത് മോഷ്ടാവ് ആദ്യമെത്തിയത് മെയ് 29ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു. ലോട്ടറി വിൽപ്പന നിര്‍ത്തി നാരായണൻ ലോട്ടറി സ്റ്റാൻഡ് മാറ്റിവയ്ക്കാൻ പോയ തക്കത്തിന് മോഷ്ടാവ് പണവും അടിച്ച ലോട്ടറി ടിക്കറ്റും ഫലം നോക്കാൻ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണും ഉൾപ്പെട്ട സഞ്ചിയുമായി കടന്നുകളഞ്ഞു. ഹോട്ടലിന്‍റെ സിസിടിവി ദൃശ്യങ്ങളുമായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും മോഷ്ടാവിന്‍റെ പൊടിപോലും കണ്ടുപിടിക്കാനായില്ല.
അങ്ങനെയിരിക്കെ 32 ദിവസങ്ങൾക്ക് ശേഷം. കൃത്യമായി പറഞ്ഞാൽ ഈ മാസം ഒന്നിന് അതേ സ്ഥലത്ത് വീണ്ടും മോഷണം നടന്നു. നാരായണന്‍റെ തൊട്ടടുത്ത് കച്ചവടം നടത്തുന്ന എസക്കി പാണ്ഡ്യന്‍റെ ബാഗുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ബാഗും അതിലുണ്ടായിരുന്ന ബാങ്ക് പാസ്ബുക്കും മറ്റ് രേഖകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിട്ടിയെങ്കിലും പണവും സ്മാര്‍ട്ട് ഫോണും നഷ്ടമായി. ഒരാൾ തന്നെയാണ് രണ്ട് മോഷണവും നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. മോഷ്ടിച്ച മൊബൈൽ ഫോണും പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്നാണ് വിശദീകരണം.