നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്ക വീഡിയോകളും പക്ഷേ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന വീഡിയോകളായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് എപ്പോഴും കാഴ്ചക്കാരുടെ മനസില്‍ തങ്ങിനില്‍ക്കാറ്.
അധികവും അപ്രതീക്ഷിതമായി പെട്ടെന്ന് നടക്കുന്ന സംഭവങ്ങളാണ് ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറ്. സമാനമായ രീതിയിലുള്ളൊരു, രസകരമായ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഇത് എവിടെ, എപ്പോള്‍, ആരാണ് പകര്‍ത്തിയത് എന്നൊന്നും വ്യക്തമല്ല. എന്നാല്‍ കാഴ്ചയ്ക്ക് ഒരുപാട് കൗതുകം തോന്നിക്കുന്നതാണ് ഈ ചെറുവീഡിയോ.
കഴുത്തൊപ്പം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ് ഒരാള്‍. കാണുമ്പോള്‍ ഇതൊരു കനാലോ അതുപോലുള്ളൊരു ജലാശയമോ ആണെന്നാണ് തോന്നുക. ഇദ്ദേഹത്തിന്‍റെ തലയ്ക്ക് താഴെയുള്ള ശരീരഭാഗങ്ങള്‍ മുഴുവനായി വെള്ളത്തിലാണ്. എങ്ങനെയാണ് പക്ഷേ വീഡിയോ പകര്‍ത്താനായത് എന്നതും വ്യക്തമാകുന്നില്ല.
ഇതിനിടെ ഒരു നീര്‍നായിൻ കുഞ്ഞ് നീന്തിക്കൊണ്ട് ഇദ്ദേഹത്തിനരികിലേക്ക് വരികയാണ്. തീര്‍ച്ചയായും അല്‍പം പേടി തോന്നുന്ന സാഹചര്യം തന്നെ. കാരണം ശരീരഭാഗങ്ങളെല്ലാം വെള്ളത്തിലാണല്ലോ. എന്തെങ്കിലും ചെയ്യാനോ പ്രതികരിക്കാനോ ഒന്നും സാധ്യമല്ല.
എന്നാല്‍ നീന്തിവന്ന നീര്‍നായ് കുഞ്ഞ് ഇദ്ദേഹത്തെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്നില്ല. പകരം സ്നേഹത്തോടെയും കരുതലോടെയും അത് ആ മനുഷ്യനെ തൊട്ടുരുമ്മിയും കൂടുതല്‍ ചേര്‍ന്നുമെല്ലാം നില്‍പുറപ്പിക്കുകയാണ്. ഇത് മനസിലാക്കുന്നതോടെ ഇദ്ദേഹത്തിനും ആ സാധുമൃഗത്തോട് അലിവും സ്നേഹവും അനുഭവപ്പെടുകയാണ്. തുടര്‍ന്ന് ഏതാനും സെക്കൻഡ് നേരത്തേക്ക് ഇവര്‍ ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനങ്ങളാണ് വീഡിയോയില്‍ കാണുന്നത്.
മനസിനെ തൊടുന്ന, സന്തോഷം തോന്നിപ്പിക്കുന്ന ദൃശ്യമെന്നാണ് ഇത് കണ്ടവരെല്ലാം കമന്‍റില്‍ പറയുന്നത്. നിരവധി പേരാണ് ഹൃദ്യമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് പേര്‍ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നു.