മലപ്പുറം: കാളികാവ് മാളിയേക്കൽ സ്വദേശിക്ക് കാനഡയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് വിശ്വാസവഞ്ചന നടത്തിയ കേസിൽ ഒഡിഷ സ്വദേശി പിടിയിൽ. റൂർക്കല സ്വദേശി ഡാനിയേൽ ബിറുവയെ (49) ആണ് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്പനത്ത് അബു എന്നയാൾക്ക് വിസ വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഡാനിയൽ അബുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ കാനഡയിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് 1.15 ലക്ഷം രൂപ അബുവിൽ നിന്ന് അക്കൗണ്ട് വഴി വാങ്ങുകയായിരുന്നു.
എന്നാൽ പണം കിട്ടിയതോടെ പ്രതി ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ആക്കി ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ അബു പൊലീസിൽ പരാതി നൽകുകയായിരുന്നു. വിസയുടെ കോപ്പി അയച്ചുകൊടുത്ത് വിശ്വാസം ഊട്ടിയുറപ്പിക്കുകയായിരുന്നു പ്രതിയുടെ രീതി. ഇയാൾ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ആളായതിനാൽ ആദ്യം അപകടം മണത്തറിയാൻ സാധിച്ചില്ല. കേസ് രജിസ്റ്റർ ചെയ്ത് ആറു മാസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.
കേസ് രജിസ്റ്റർ ചെയ്ത് ആറു മാസമായിട്ടും പ്രതിയെ സംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് കാളികാവ് പൊലീസ് ഇൻസ്‌പെക്ടർ സൈബർ അന്വേഷണത്തിൽ മികവുള്ള പ്രത്യേക അന്വേഷക സംഘത്തെ രൂപവത്കരിച്ചതാണ് കേസിൽ വഴിത്തിരിവായത്. സംരക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസികളെ വിരട്ടിയാണ് കാളികാവ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒഡിഷ പൊലീസിന്റെ സഹായവുമുണ്ടായിരുന്നു.
പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരുകയാണ്. പ്രതിയെ ഒഡിഷ ജർസഗുഡ സബ് ഡിവിഷനൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജറാക്കി പ്രത്യേക യാത്ര വാറന്റ് അനുമതി വാങ്ങി വിമാന മാർഗം ഭുവനേശ്വർ, ഡൽഹി വഴിയാണ് കേരളത്തിലെത്തിച്ചത്. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്കയച്ചു. പൊലീസ് ദിവസങ്ങളോളം ഓഡീഷയിൽ തങ്ങിയാണ് പ്രതിയെ പിടികൂടിയത്.