വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് രാജ്യം ഭരിക്കുന്നതെന്നുള്ള പ്രസ്താവനയിൽ വിശദീകരണവുമായി നടി കാജോൾ. സൈബർ ആക്രമണം വ്യാപകമായതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. താൻ വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് പറഞ്ഞതെന്നും ഏതെങ്കിലുമൊരും നേതാക്കന്മാരെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും കാജോൾ ട്വീറ്റ് ചെയ്തു.
‘വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് പറഞ്ഞത്. രാഷ്ട്രീയ നേതാക്കന്മാരെ തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശ്യം. രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന നിരവധി നേതാക്കന്മാർ നമുക്കുണ്ട്’- കാജോൾ വിമർശനങ്ങൾക്ക് മറുപടിയായി ട്വീറ്റ് ചെയ്തു.
അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് നമ്മുടെ രാജ്യത്തുള്ള രാഷ്ട്രീയ നേതാക്കന്മാർക്ക് മതിയായ വിദ്യാഭ്യാസയോഗ്യതയില്ലെന്ന് കാജോൾ പറഞ്ഞത്.’വിദ്യാഭ്യാസ യോഗ്യതയില്ലാത്ത രാഷ്ട്രീയ നേതാക്കന്മാർ നമുക്കുണ്ട്. അങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം. കാഴ്ചപ്പാടില്ലാതെ നേതാക്കന്മാരുടെ ഭരണത്തിൻ കീഴിൽ ഞാൻ വന്നിട്ടുണ്ട്. വ്യത്യസ്ത കാഴ്ചപ്പാട് സ്വീകരിക്കാൻ വിദ്യാഭ്യാസം നമ്മെ പ്രാപ്തമാക്കും’ എന്നായിരുന്നു നടി അഭിമുഖത്തിൽ പറഞ്ഞത്. കാജോളിന്റെ വാക്കുകൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ദി ട്രയൽ വെബ് സീരീസാണ് ഇനി കാജോളിന്റേതായി പുറത്ത് ഇറങ്ങാനുളളത്. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്ത ലസ്റ്റ് സോറി 2 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.