ന്യൂഡൽഹി: കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കർണാടകയിൽ ഭരണമാറ്റം ഉണ്ടായതിനാൽ പുതിയ അഭിഭാഷകനാണ് ഇന്ന് കോടതിയിൽ ഹാജരായത്. സർക്കാരിന്റെ നിലപാട് അറിയിക്കാൻ സമയം ചോദിച്ചതിനെ തുടർന്നാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
മഅ്ദനിക്ക് നാട്ടിലേക്ക് മടങ്ങാൻ കോടതി നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ സ്വീകരിച്ചതെന്ന് കപിൽ സിബൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ല. സുരക്ഷ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. ഇത് താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ 26നാണ് കേരളത്തിലേക്ക് പോയത്. ഈ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽനിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. അഭിഭാഷകൻ ഹാരിസ് ബിരാനും മഅ്ദനിക്കായി ഹാജരായി.
നിലവിൽ മഅ്ദനിക്ക് ബംഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീംകോടതിയിൽ നേരത്തെ ഹരജി സമർപ്പിച്ചിരുന്നത്. പിതാവിനെ സന്ദർശിക്കാൻ കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി കേരളത്തിലെത്തിയ മഅ്ദനി പിതാവിനെ കാണാനാവാതെയാണ് മടങ്ങിയത്. ജൂൺ 26ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോശം ആരോഗ്യസ്ഥിതി കാരണം അൻവാർശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. തുടർന്ന് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.