തിരുവനന്തപുരം > ഹിന്ദുത്വത്തിലേക്കും അവിടെനിന്ന് ഫാസിസത്തിലേക്കും രാജ്യത്തെ എത്തിക്കാനുള്ള ബിജെപിയുടെ ഉപകരണംമാത്രമാണ് ഏക സിവിൽ കോഡ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മറ്റൊരു ഉപകരണമായിരുന്നു പൗരത്വ ഭേദഗതി നിയമം. ഏക സിവിൽ കോഡിലൂടെ വർഗീയ ധ്രുവീകരണവും ജനങ്ങളെ വിഭജിക്കലുമാണ് അവർ ലക്ഷ്യമിടുന്നത്. സിപിഐ എം പേരൂർക്കട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ടി പി റിനോയ് കുടുംബസഹായ ഫണ്ട് കൈമാറലും രാഷ്ട്രീയ വിശദീകരണയോഗത്തിന്റെ ഉദ്‌ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഐക്യ പ്രസ്ഥാനം വേണമെന്നല്ല, മറിച്ച് വിഭജിതമാകണമെന്നാണ് ആർഎസ്‌എസ് ആഗ്രഹിക്കുന്നത്. മണിപ്പുരിൽ അതാണിപ്പോൾ കാണുന്നത്. ഗുജറാത്തിൽ കണ്ടതും അതാണ്. മണിപ്പുരിലെ കൂട്ടക്കുരുതിയിൽ ഒന്നാം പ്രതി ആർഎസ്‌എസും രണ്ടാം പ്രതി സംസ്ഥാന സർക്കാരും മൂന്നാം പ്രതി കേന്ദ്രവുമാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ കോൺഗ്രസിനെ വിളിക്കാത്തതിനെക്കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ഏക സിവിൽ കോഡ് ‘വേണം’ എന്നു പറയുന്ന കോൺഗ്രസിനെകൂട്ടി ‘വേണ്ട’ എന്നു പറയുന്ന സെമിനാർ എങ്ങനെയാണ് സംഘടിപ്പിക്കുക. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ ഏകസിവിൽ കോഡ് വേണമെന്നാണ് ഇപ്പോഴും പറയുന്നത്. അഖിലേന്ത്യ നേതൃത്വവും നിലപാട് വ്യക്തമാക്കിട്ടില്ല. സംഘടിതമായ മാർക്‌സിസ്‌റ്റ് വിരുദ്ധ മാധ്യമപ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുട്ടടയിൽ നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി സി വേലായുധൻനായർ അധ്യക്ഷനായി. ടി പി റിനോയിയുടെ ഭാര്യ സിമി റിനോയ്, മക്കളായ അഭിനവ്, അഭിനന്ദ്, അഭിറാം എന്നിവർ ചേർന്ന് കുടുംബസഹായ ഫണ്ട് ഏറ്റുവാങ്ങി. 17.5 ലക്ഷം രൂപയാണ് കൈമാറിയത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കെ സി വിക്രമൻ, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, എസ് എസ് രാജലാൽ, എം ജി മീനാംബിക, വി അമ്പിളി, എൽ ജോസഫ് വിജയൻ, അഡ്വ. അംശു വാമദേവൻ എന്നിവർ സംസാരിച്ചു.