ചെന്നൈ: അർധ അതിവേഗ ട്രെയിനുകളായ വന്ദേ ഭാരതിന് കാവിനിറം നൽകുന്നത് ത്രിവർണ ദേശീയപതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനുകളുടെ നിർമ്മാണം നടക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിച്ച മന്ത്രി, പുതിയ നിറത്തിലുള്ള കോച്ചുകൾ പരിശോധിച്ച് അംഗീകാരം നൽകി.
28 റേക്കുകൾ കാവി നിറത്തിലായിിരക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിറമാണം പൂർത്തിയായ പുതിയ നിറത്തിലുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസുകൾ ഇതുവരെ സർവിസ് തുടങ്ങിയിട്ടില്ല. 25 പുതുമകളോടെയാണ് ഈ കോച്ചുകൾ പുറത്തിറങ്ങുകയെന്ന് മന്ത്രി പറഞ്ഞു.
“ഇത് മെയ്ക്ക് ഇൻ ഇന്ത്യ ആശയത്തിന്റെ ഭാഗമാണ്. നമ്മുടെ സ്വന്തം എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരുമാണ് രൂപകല്പന ചെയ്തത്. അതിനാൽ ഫീൽഡ് യൂണിറ്റുകളിൽ നിന്ന് എസികൾ, ടോയ്‌ലറ്റുകൾ തുടങ്ങിയവയെക്കുറിച്ച് ലഭിക്കുന്ന ഫീഡ്‌ബാക്കുകൾ പരിഗണിച്ച് നിരവധി നവീകരണങ്ങളും ഡിസൈനിൽ മാറ്റങ്ങളും വരുത്തും” -മന്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ, വെള്ളയും നീലയും നിറങ്ങൾ ചേർന്നതാണ് വന്ദേ ഭാരത് എക്‌സ്‌പ്രസുകൾ. പുതിയ ട്രെയിനുകൾക്ക് കാവി, വെള്ള, കറുപ്പ് എന്നിവയാണ് നൽകിയിരിക്കുന്നത്. രാജ്യത്തുടനീളം 50 റൂട്ടുകളിലാണ് ഇപ്പോൾ വന്ദേ ഭാരത് സർവിസ് നടത്തുന്നത്. 2019 ഫെബ്രുവരി 15ന് ന്യൂഡൽഹി – വാരണാസി റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഓട്ടം തുടങ്ങിയത്.