കേരളത്തിലുൾപ്പെടെ സൂപ്പർഹിറ്റായ വന്ദേ ഭാരത് ട്രെയിനുകൾക്ക് പിന്നാലെ, കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള വന്ദേ സാധാരൺ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവെ. വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും വന്ദേ ഭാരത് എസി ട്രെയിനുകളുടെത് ഉയർന്ന ടിക്കറ്റ് നിരക്കാണെന്നും, സാധാരണക്കാരെ ഇന്ത്യൻ റെയിൽവെ കയ്യൊഴിഞ്ഞെന്നുമുള്ള വിമർശനങ്ങളുയരുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് നോൺ എസി സൗകര്യങ്ങളുള്ള വന്ദേ സാധാരൺ ട്രെയിനുകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം.
വന്ദേഭാരതിന്റെ അതേ വേഗതയിൽത്തന്നെ ഓടുമെങ്കിലും നോൺ എസി കംപാർട്മെന്റുകളാണ് വന്ദേ സാധാരണിൽ ഉണ്ടായിരിക്കുക. ഏതാനും കോച്ചുകളിൽ റിസർവേഷൻ സൗകര്യമുണ്ടാകും. 24 കോച്ചുകളാണ് വന്ദേ സാധാരണിൽ ഉണ്ടാകുക.കൂടുതൽ വേഗം കൈവരിക്കാനായി പുഷ് പുള്‍ രീതിയില്‍ മുന്നിലും പിന്നിലും എന്‍ജിന്‍ ഘടിപ്പിച്ചാണ് സർവ്വീസ് നടത്തുക
സിസിടിവി ക്യാമറ, ബയോ വാക്വം ടോയ്ലറ്റ് സൗകര്യങ്ങൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, സീറ്റുകൾക്ക് സമീപം ചാർജിംഗ് പോയിന്റുകൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും വന്ദേ സാധാരൺ ട്രെയിനുകളിൽ ഉണ്ടാകും. കൂടാതെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ട്രെയിനിൽ ഓരോ കോച്ചിലും ഒന്നിലധികം സിസിടിവി ക്യാമറകൾ ഉണ്ടായിരിക്കും. കൂടാതെ വന്ദേഭാരതിലേത് പോലെയുള്ള ഓട്ടോമാറ്റിക് ഡോർ സംവിധാനവും ട്രെയിനിലുണ്ടാകും. ഓട്ടോമാറ്റിക് വാതിലോടുകൂടിയ ആദ്യ നോൺ എസി ട്രെയിനാകും വന്ദേ സാധാരൺ.
65 കോടി രൂപ ചെലവിലാണ് ട്രെയിനുകൾ നിർമ്മിക്കുക. ചെന്നെയിലെ ഐസിഎഫിലാണ് ട്രെയിൻ നിർമ്മാണമെന്നാണ് റിപ്പോർട്ടുകൾ. വന്ദേസാധരൻ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ സാധാരണ നിരക്കായിരിക്കുമെന്നതാണ് പ്രധാന ആകർഷണം .അടുത്ത ആറ് മാസത്തിനുള്ളിൽ ആദ്യ റേക്ക് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.