ഈ തണുപ്പുകാലത്ത് തലമുടി കൊഴിച്ചിലാണ് ചിലരെ അലട്ടുന്ന പ്രശ്നം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. തലമുടി ആരോഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ തലമുടി വളരാന്‍ കഴിക്കേണ്ട ഒന്നാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍. തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വരളുന്നതും പൊട്ടുന്നതും തടയാനും തലമുടിയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്നവയാണ് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍.
അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. മുട്ട കൊണ്ടുള്ള ഹെയര്‍ മാസ്ക്കുകള്‍ തലമുടിയില്‍ പരീക്ഷിക്കുന്നതും മുടി വളരാന്‍ സഹായിക്കും.
രണ്ട്…
തലമുടി വളരാന്‍ സഹായിക്കുന്ന സിങ്ക്, പ്രോട്ടീനുകൾ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് എള്ള്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. എള്ള് എണ്ണ മുടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ സഹായിക്കും.
മൂന്ന്…
പയറു വര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനിന്‍റെ മികച്ച ഉറവിടം മാത്രമല്ല, നല്ല അളവിൽ സിങ്ക് അടങ്ങിയ ഭക്ഷണം കൂടിയാണ് പയര്‍. അതിനാല്‍ ഇവയും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
നാല്…
മത്തങ്ങ വിത്തുകളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.
അഞ്ച്…
ചീരയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.