തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാലുപേർ അപകടത്തിൽ പെട്ട സംഭവത്തിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. സുരേഷ് ഫെർണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ആണ് കിട്ടിയത്. പുലിമുട്ടിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ബിജു ആന്റണി, റോബിൻ എഡ്വിൻ എന്നിവരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. സുരേഷിന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപം കൂടുതൽ തെരച്ചിൽ നടത്തുകയാണ്. മൃതദേഹം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായി എന്ന വാർത്തയാണ് ആദ്യം പുറത്തു വന്നത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
പുലർച്ച് മൂന്നരക്ക് മീൻപിടിക്കാൻ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍ക്കുളളിൽ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. പിന്നാലെ പോയ മത്സ്യതൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാർബർ നിർമ്മാണമാണ് തുർച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. മത്സ്യതൊഴിലാളികളും മറൈൻ ഇൻഫോഴ്സ്മെൻറും ചേർന്ന് തെരച്ചിൽ തുടരുന്നു.