ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവന്റെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി റദ്ദാക്കി. കാലാവധി നീട്ടിയത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
15 ദിവസത്തിനകം പുതിയ ഇ.ഡി ഡയറക്ടറെ നിയമിക്കണമെന്ന് ഉത്തരവിട്ട കോടതി, നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്ക് ജൂലൈ 31 വരെ തുടരാമെന്നും വ്യക്തമാക്കി. രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇ.ഡി ഡയറക്ടറായി നിയമിച്ചത്.
രണ്ടു വർഷം കഴിഞ്ഞ് 60ാം വയസ്സിൽ വിരമിക്കാനിരിക്കെ 2020 നവംബറിൽ സർക്കാർ കാലാവധി നീട്ടി നൽകി. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നവംബറിൽ കേന്ദ്ര വിജിലൻസ് കമീഷൻ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് അഞ്ചു വർഷം വരെ കാലാവധി നീട്ടാം. ഇതാണ് കോടതി തടഞ്ഞത്.