കോഴിക്കോട്> തകർത്തുപെയ്‌ത മഴയിൽ 10 ദിവസത്തിനിടെ കെഎസ്‌ഇബിക്ക് ജില്ലയിൽ 4.29 കോടി രൂപയുടെ നാശനഷ്‌ടം. കനത്ത കാറ്റിലും മഴയിലും ലൈനുകളും പോസ്റ്റുകളും തകർന്ന് വിതരണ ശൃംഖലയിൽ ഉണ്ടായ നഷ്‌ടമാണിത്. ഈ മാസം ഒന്നുമുതലുള്ള കണക്കുകൾ പ്രകാരം കോഴിക്കോട് സർക്കിളിൽ 3.03 കോടി രൂപയുടെയും വടകര സർക്കിളിൽ 1.26 കോടി രൂപയുടെയും നാശനഷ്‌ടമാണുണ്ടായത്. 1.30 ലക്ഷം കണക്‌ഷനുകളിലേക്കുള്ള വൈദ്യുതി ബന്ധമാണ് മഴ തകർത്തത്. എന്നാൽ പ്രതികൂല കാലാവസ്ഥയിലും ജീവനക്കാർ നടത്തിയ ഇടപെടലിൽ കണക്‌ഷനുകൾ അതിവേഗം പുനഃസ്ഥാപിക്കാനായി.
കോഴിക്കോട് സർക്കിളിൽ 481 പോസ്റ്റാണ് തകർന്നത്. നാല് ട്രാൻസ്‌ഫോർമറുകൾക്കും നാശമുണ്ടായി. 1.08 കണക്‌ഷനുകളിലേക്കുള്ള വൈദ്യുതി വിതരണമാണ് മഴ മുടക്കിയത്. വടകര സർക്കിളിനുകീഴിൽ 152 പോസ്റ്റ് തകർന്നു. മൂന്ന് ട്രാൻസ്‌ഫോർമറുകൾ നശിച്ചു. 21,994 കണക്‌ഷനുകളിലേക്കുള്ള വൈദ്യുതി വിതരണമാണ് മുടങ്ങിയത്.1654 ഇടങ്ങളിൽ ലൈൻ തകർന്നതെല്ലാം പുനഃസ്ഥാപിക്കാനായി.
ഉറുമി നിലച്ചു
വിതരണ ശൃംഖലയിലെ നാശത്തിനുപുറമെ ഉറുമി ജലവൈദ്യുതി പദ്ധതിക്കും നഷ്‌ടമുണ്ടായി. പദ്ധതി രണ്ടാം ഘട്ടത്തിന്റെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടി പവർ ഹൗസിനുള്ളിൽ വെള്ളം കയറി ജനറേറ്റർ പ്രവർത്തനം നിലച്ചതോടെ ഒന്നും രണ്ടും ഘട്ട പദ്ധതികളിൽ വൈദ്യുതി ഉൽപ്പാദനം പൂർണമായും നിർത്തുകയായിരുന്നു. 2.4 മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള പദ്ധതിയാണ് ഒരാഴ്‌ചമുമ്പ് നിലച്ചത്. പെൻസ്റ്റോക്ക് മാറ്റി സ്ഥാപിക്കാൻ കോടികൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഒപ്പം കൺട്രോൾ റൂമിലെ സംവിധാനങ്ങളും പുനഃസ്ഥാപിക്കണം. വൈദ്യുതി ഉൽപ്പാദനം മുടങ്ങിയതിലും വലിയ നഷ്‌ടമുണ്ട്.