ന്യൂഡൽഹി: കാറിന്‍റെ നിർമാണ തകരാറിനെ തുടർന്ന് ബുദ്ധിമുട്ട് നേരിട്ട ഉടമക്ക് ഫോർഡ് ഇന്ത്യ 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ഫോർഡിന്‍റെ എസ്.യു.വിയായ എൻഡവർ ടൈറ്റാനിയം മോഡലിനാണ് നിർമാണ തകരാർ കണ്ടെത്തിയത്. ഉപഭോക്താവിന് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാനാണ് കോടതി ഉത്തരവ്.
കാർ വാങ്ങിയത് മുതൽ ഓയിൽ ലീക്കേജ് തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് ഉടമ പഞ്ചാബ് ഉപഭോക്തൃ കമീഷനിൽ പരാതി നൽകി. കാർ എൻജിൻ സൗജന്യമായി മാറ്റിനൽകാനും അതുവരെയുള്ള സമയം ദിവസം 2000 രൂപ വെച്ച് നഷ്ടപരിഹാരമായി നൽകാനും ഉപഭോക്തൃ കമീഷൻ വിധിച്ചു. ദേശീയ ഉപഭോക്തൃ കമീഷനിൽ പരാതിയെത്തിയപ്പോൾ വിധി ശരിവെച്ചു. തുടർന്നാണ് ഫോർഡ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായിരിക്കെ ഫോർഡ് എൻജിൻ മാറ്റിനൽകിയിരുന്നു. എൻജിൻ മാറ്റിയിട്ടും തകരാറുകൾ പരിഹരിക്കപ്പെട്ടില്ല. ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഡ്രൈവിങ് അനുഭവമാണ് ഉടമക്കുണ്ടായത്.
ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഉടമക്ക് 42 ലക്ഷം നൽകി വാഹനം തിരിച്ചെടുക്കാൻ ഉത്തരവിട്ടത്. 87,000 രൂപ ഇൻഷുറൻസ് അടക്കാനും നിർദേശിച്ചു.