ചർമ്മത്തിൽ വരൾച്ച, ഇരുണ്ട വൃത്തങ്ങൾ, ചുളിവുകൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. പ്രായമാകുന്നതിനനുസരിച്ചാണ് ചർമ്മത്തിൻറെ ഘടനയിൽ മാറ്റം വരുന്നത്. ഇതാണ് ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താനുള്ള പ്രധാന കാരണം. എന്നാൽ ചർമ്മം നല്ല രീതിയിൽ സംരക്ഷിക്കാതിരിക്കുന്നതും ഒരു കാരണമാണ്.
അധിക ചെലവില്ലാതെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തന്നെ ചർമ്മ പ്രശ്നങ്ങൾ എളുപ്പം അകറ്റാം. മുഖക്കുരു പൂർണമായി ഇല്ലാതാക്കാനും പാടുകൾ നീക്കം ചെയ്യാനും ഏറ്റവും മികച്ചൊരു പരിഹാരമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബുകൾ പതിവായി ചർമ്മത്തിൽ പുരട്ടുന്നത് പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും തടയുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചർമ്മത്തിലെ സുഷിരങ്ങൾ ശക്തമാക്കുകയും ചെയ്യുന്നു.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചില ആളുകളിൽ നാം കാണാറുണ്ട്. ഐസ് ക്യൂബ് കൊണ്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് വീക്കം കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ചർമത്തിൽ അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നത് മുഖക്കുരു വർധിക്കാൻ കാരണമാകും. ചർമ സുഷിരങ്ങളിൽ എണ്ണയോടൊപ്പം അഴുക്കും അടിഞ്ഞുകൂടിയാണ് വേദനയോടുകൂടിയ വലിയ മുഖക്കുരു രൂപംകൊള്ളുന്നത്. എന്നാൽ ദിവസവും ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അമിത എണ്ണ ഉദ്പാദനം നിയന്ത്രിക്കാൻ സഹായിക്കും.
പാൽ കൊണ്ടുള്ള ഐസ് ക്യൂബുകൾ ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുക. പാലിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ എല്ലാ മൃതകോശങ്ങളെയും നീക്കം ചെയ്യാൻ സഹായിക്കുന്നു. അതേസമയം ഐസ് ക്യൂബ് തിളക്കവും സ്വാഭാവിക തിളക്കവും മെച്ചപ്പെടുത്തുന്നു.