ലാര്‍കാന: ഒരേ ജന്മദിനത്തില്‍ പിറന്ന കുടുംബാംഗങ്ങളുടെ റെക്കോര്‍ഡുമായി ഈ പാക് കുടുംബം. പാകിസ്താനിലെ ലാര്‍കാനയില്‍ നിന്നുള്ള കുടുംബത്തിലെ ഒന്‍പത് പേരുടേയും ജന്മ ദിനം ഒന്നാണ്. ഓഗസ്റ്റ് ഒന്നിന് ഒന്നല്ല ഒന്പത് പേരാണ് ഈ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. അമീര്‍- ഖദീജ എന്നിവരുടെ മാംഗി കുടുംബത്തിനാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിരിക്കുന്നത്.
അമീര്‍, ഖദീജ ദമ്പതികളുടെ മക്കളായി സിന്ധു, സൌസി, സപ്ന, ആമിര്‍, അംബര്‍, അമ്മര്‍, അംഹര്‍ എന്നിവര്‍ ഓഗസ്റ്റ് ഒന്നിന് ജനിച്ചവരാണ്. 19 മുതല്‍ 30 ഇടയിലാണ് ഇവരുടെ പ്രായം. ഒര ദിവസം പിറന്ന സഹോദരങ്ങളെന്ന റെക്കോര്‍ഡും ഇവര്‍ തന്നെയാണ് നേടിയിട്ടുള്ളത്. അമീറിന്‍റെയും ഖദീജയുടേയും വിവാഹ വാര്‍ഷിക ദിനം കൂടിയാണ് ഓഗസ്റ്റ് 1. 1991ലാണ് ഇവര്‍ വിവാഹിതരായത്. 1992ലാണ് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. അന്ന് മക്കളെല്ലാം പിറക്കാന്‍ പോവുന്നത് ഒരേ ദിവസം തന്നെയായിരിക്കുമെന്ന് ചെറിയ വിചാരം പോലും ഉണ്ടായിരുന്നില്ലെന്നാണ് ദമ്പതികള്‍ പ്രതികരിക്കുന്നത്.
ഇവരുടെ മക്കളില്‍ രണ്ട് സെറ്റ് ഇരട്ടക്കുട്ടികളുമുണ്ട്. ഒരേ പിറന്നാളില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായി രേഖപ്പെടുത്തിയിട്ടുള്ള അഞ്ചാമത്തെ സംഭവമാണ് ഇത്. സാധാരണ ഗതിയില്‍ വിശാലമായ ആഘോഷ പരിപാടികളൊന്നും ഇല്ലാതെയാണ് ഓഗസ്റ്റ് 1 കടന്നുപോവാറ്. എന്നാല്‍ ഇത്തവണ ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന്‍റെ പേരില്‍ ഇത്തിരി ആഘോഷങ്ങളാവാമെന്ന നിലപാടിലാണ് കുടുംബമുള്ളത്.