പലതരത്തിലുള്ള കള്ളക്കടത്ത് തന്ത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ, ഇത്തരത്തിലൊന്ന് ഇത് ആദ്യമായിരിക്കും. പാമ്പുകൾ എന്ന് കേൾക്കുന്നത് തന്നെ നമ്മളിൽ പലർക്കും പേടിയാണ്. അപ്പോഴാണ് ഒരു യുവതി ജീവനുള്ള അഞ്ച് പാമ്പുകളെ തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിന് പിടിയിലായിരിക്കുന്നത്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ നിന്നുള്ള ഒരു സ്ത്രീയാണ് തന്റെ ടോപ്പിനുള്ളിൽ അഞ്ച് പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമം നടത്തിയത്. കോൺ സ്നേക്സ് എന്നറിയപ്പെടുന്ന ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് യുവതി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത്.
ഷെൻഷെനിലെ ഫ്യൂട്ടിയൻ തുറമുഖത്താണ് സംഭവം നടന്നത്. സ്ഥിരം പരിശോധനക്കിടയിലാണ് അസാധാരണമായ ശരീരാകൃതിയുള്ള ഒരു സ്ത്രീ യാത്രക്കാരി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ സമഗ്രമായ ബോഡി പരിശോധനയിലാണ് സ്ത്രീ ധരിച്ചിരുന്ന ടോപ്പിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയത്. സ്റ്റോക്കിംഗിൽ സുരക്ഷിതമായി പൊതിഞ്ഞ്, നെഞ്ചിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പുകൾ.
പാന്തെറോഫിസ് ഗുട്ടാറ്റസ് എന്നറിയപ്പെടുന്ന ഈ പാമ്പുകൾ, സാധാരണയായി റെഡ് റാറ്റ് സ്നേക്ക്, കോൺ സ്നേക്ക് എന്നൊക്കെ അറിയപ്പെടാറുണ്ട്. പ്രധാനമായും അമേരിക്കയിൽ കാണപ്പെടുന്ന വിഷരഹിത ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഇവ. ഇരയെ ഞെരിച്ച് കീഴടക്കാനുള്ള കഴിവിന് കുപ്രസിദ്ധമാണ് ഈ പാമ്പുകൾ. അതുകൊണ്ട് തന്നെ പാമ്പുകൾക്കിടയിലെ മികച്ച വേട്ടക്കാരായാണ് ഈ പാമ്പുകൾ അറിയപ്പെടുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ത്രീക്കെതിരെ നടപടിയെടുക്കുകയും ഇവരിൽ നിന്നും പിടിച്ചെടുത്ത പാമ്പുകളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. യുവതി ആരാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. കള്ളക്കടത്ത് ശ്രമത്തിന് നിയമപരമായ പ്രത്യാഘാതങ്ങൾ ഇവർക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.