ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. റെയിൽവെ ട്രാക്കിലെ വെള്ളക്കെട്ടും മൂലം നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. 300ലേറെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചർ ട്രെയിനുകളുമാണ് ജൂലൈ 15 വരെ റദ്ദാക്കിയത്. മഴ 600 മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെയും 500 പാസഞ്ചർ ട്രെയിനുകളുടെയും പ്രവർത്തനത്തെ പൂർണമായും ഭാഗികമായും ബാധിച്ചിരിക്കുകയാണ്.
100 മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 190ൽ അധികം വഴിതിരിച്ചുവിടുകയും ചെയ്തതായി നോർത്തേൺ റെയിൽവേ അറിയിച്ചു. അതുപോലെ 28 പാസഞ്ചർ ട്രെയിനുകൾ വഴിതിരിച്ചുവിടുകയും 54 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ഈ മാസം ഏഴുമുതൽ വെള്ളക്കെട്ട് ട്രെയിൻ സർവീസിനെ മഴ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, എന്നിവിടങ്ങളിലെ തോരാത്ത മഴയും മോശം കാലാവസ്ഥയും ട്രെയിൻ സർവീസുകളെ കാര്യമായി ബാധിച്ചെന്ന് നോർത്തേൺ റെയിൽവേ അധികൃതർ പറയുന്നു. പുതിയ സാഹചര്യത്തിൽ യാത്രക്കാർക്ക് ആവശ്യമായ നിർദേശം നൽകുന്നതിനായി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ഹെൽപ് ഡെസ്കുകൾ ക്രമീകരിച്ചിരിക്കുകയാണ്. ഇതിനുപുറമെ, യാത്രക്കാർക്കു വേണ്ട സഹായങ്ങൾ നൽകുന്നതിനും പണം തിരികെ നൽകുന്നതിനു പ്രത്യേക കൗണ്ടറുകൾ റെയിൽവേ സ്റ്റേഷനുകളിൽ തുറക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.