തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ച കൊല്ലം ശൂരനാട് സ്വദേശി സ്മിതാകുമാരി(41)യെ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സംഭവത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ സജിത മേരിയെ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ നവംബർ 30 നാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ സ്മിതാകുമാരി മരിച്ചത്. മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിനുള്ളിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രഥമിക നിഗമനം. ശരീരത്തിലും നിരവധി പരിക്കുകളും കണ്ടെത്തിയിരുന്നു.
–
ബന്ധുക്കളാണ് മരണം കൊലപാതകമെന്ന സംശയം പ്രകടിപ്പിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിനിടയിൽ മാനസികാരോഗ്യകേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസി നൽകിയ മൊഴിയാണ് സജിതമേരിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്മിതാകുമാരിയും പ്രതിയായ സജിത മേരിയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അഞ്ചുവര്‍ഷം മുമ്പ് ഒരു ബീഹാര്‍ സ്വദേശിയും ഇവിടെ കൊല്ലപ്പെട്ടിരുന്നു. സെല്ലിലുണ്ടായിരുന്ന മറ്റൊരു രോഗിയാണ് കൊലനടത്തിയത്. ഈ സംഭവത്തിനു ശേഷം ആശുപത്രിയില്‍ ക്യാമറാ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. 530 പേരെ മാത്രം പ്രവേശിപ്പിക്കാന്‍ സൗകര്യമുള്ള കേന്ദ്രത്തില്‍ 650 ഓളം രോഗികളുണ്ട്. ഇത്രയും രോഗികളെ നിരീക്ഷിക്കാനുള്ള സുരക്ഷാ ജീവനക്കാര്‍ ആശുപത്രിയില്‍ ഇല്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.