റിയാദ്: മതവിദ്വേഷം ചെറുക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സൗദി അറേബ്യയും മറ്റ് നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവേചനത്തിലേക്കും ശത്രുതയിലേക്കും അക്രമത്തിലേക്കും നയിക്കുന്ന മതവിദ്വേഷം ചെറുക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം അംഗീകരിച്ചത്.
സ്വീഡനില്‍ വിശുദ്ധ ഖുറാന്‍ കോപ്പി കത്തിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. സംവാദം, സഹിഷ്ണുത, മിതവാദം എന്നിവ പിന്തുണയ്ക്കാനും വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കുന്ന വിനാശകരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിരസിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ചതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പ്രശംസിച്ചു.