തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ചെന്ന് ഉത്തരവിറക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വീണ്ടും സമരം നടത്താൻ കെ-റെയിൽ വിരുദ്ധസമിതി തീരുമാനിച്ചു. മഞ്ഞക്കുറ്റികൾ സ്ഥാപിച്ച നടപടികളെ പ്രതിരോധിച്ചതിന്റെ പേരിൽ എടുത്ത കള്ളക്കേസുകൾ അടിയന്തരമായി പിൻവലിക്കണം. സിൽവർ ലൈനിനുവേണ്ടി ഭൂമി മരവിപ്പിച്ച വിജ്ഞാപനം പിൻവലിക്കണം. ഡി.പി.ആറിന് കേന്ദ്രം നൽകിയ തത്ത്വത്തിലെ അംഗീകാരവും റദ്ദുചെയ്യണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു.
സമരത്തിന്‍റെ ഭാഗമായി ആഗസ്റ്റ് ഒമ്പത് ക്വിറ്റിന്ത്യ ദിനത്തിൽ “ക്വിറ്റ് കെ-റെയിൽ ” ദിനാചരണം സംഘടിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തിൽ “കെ-റെയിലിൽനിന്ന് കേരളത്തിന് സ്വാതന്ത്ര്യം” എന്ന മുദ്രാവാക്യം ഉയർത്തി “ഫ്രീഡം ഫ്രം കെ-റെയിൽ” ദിനമാചരിക്കും. ആഗസ്റ്റ് 18 – കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ഉത്തരവിറക്കിയതിന്റെ വാർഷിക ദിനത്തിൽ സംസ്ഥാന വ്യാപകമായി കരിദിനാചരണം നടത്തും. സെപ്റ്റംബർ ഒന്നിന് കോട്ടയം മാടപ്പള്ളി സ്ഥിരംസമരപ്പന്തലിൽ നടക്കുന്ന നിരന്തര സത്യഗ്രഹ സമരം 500 ദിവസം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തകരെ അണിചേർത്ത് “സമര പോരാളി സംഗമം” നടത്തും. ഒരു കോടി ഒപ്പുശേഖരണം നവംബർ ഒന്നിനകം പൂർത്തിയാക്കി 2024 ജനുവരിയിൽ സർക്കാറിന് കൈമാറും.
പ്രതിഷേധം പരിഗണിച്ച് പരിസ്ഥിതിക്ക് അനുയോജ്യമാകില്ലെന്ന് വിലയിരുത്തി മുൻ യു.ഡി.എഫ് സർക്കാർ ഉപേക്ഷിച്ചതാണ് അതിവേഗ റെയിൽ പദ്ധതി. കാര്യമായ ഭേദഗതി വരുത്താതെ, 2012ലെ അടങ്കൽ തുകയായ 1.18 ലക്ഷം കോടി രൂപയെന്നത് 10 വർഷത്തിനു ശേഷം ഒരു ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയായി അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. പുകമറ സൃഷ്ടിച്ച് സിൽവർലൈൻ പദ്ധതി ഒളിച്ചുകടത്തി കേരളത്തിൽ കെട്ടി ഏൽപിക്കാനുള്ള ശ്രമമാണിത്. ഇക്കാര്യങ്ങൾ വിശദീകരിക്കാനും സിൽവർലൈൻ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെടാനുമായി കേന്ദ്രമന്ത്രിയെ കാണും.
സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ എസ്. രാജീവൻ, വൈസ് ചെയർമാൻ ടി.ടി. ഇസ്മയിൽ, രക്ഷാധികാരികളായ എം.ടി. തോമസ്, കെ. ശൈവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.