30 വർഷത്തിനിടെ ആദ്യമായി ഡെസ്ക്ടോപ് കംപ്യൂട്ടർ വിപണിയിൽ 3% വിഹിതം നേടി, നേട്ടമുണ്ടാക്കി ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം. ആപ്പിളിന്റെ മാക്ഒഎസ്, മൈക്രോസോഫ്റ്റിന്റെ വിൻഡോസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് മേൽക്കോയ്മയുള്ള വിപണിയിൽ ലിനക്സ് നേടുന്ന എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഡെസ്ക്ടോപ് ഒഎസ് വിപണിയുടെ 68% വിൻഡോസിനും 21% മാക്ഒഎസിനുമാണ്. 4% പങ്കാളിത്തമുള്ള ഗൂഗിളിന്റെ ക്രോം ഒഎസ് ആണ് മൂന്നാമത്. ലിനക്സ് നാലാം സ്ഥാനത്താണ്. സെർവറുകൾ, സൂപ്പർ കംപ്യൂട്ടറുകൾ, എംബഡഡ് സിസ്റ്റംസ് തുടങ്ങിയ മേഖലകളിൽ ലിനക്സ് ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും വീട്ടിലെയും ഓഫിസിലെയും ദൈനംദിന ഉപയോഗത്തിൽ ഇനിയും നേട്ടമുണ്ടാക്കാനായിട്ടില്ല.