മീനങ്ങാടി: പട്ടാപ്പകൽ വീടിനുള്ളിൽ കയറി ഏഴര പവൻ സ്വർണവും 2000 രൂപയും കവർന്ന യുവതി പൊലീസ് പിടിയിലായി. താഴത്തുവയൽ കൊട്ടമ്പത്ത് കോളനിയിലെ അഞ്ജുവിനെയാണ് (27) കൊട്ടമ്പത്ത് കോളനിയിലെ വീട്ടിൽ നിന്ന് മീനങ്ങാടി പൊലിസ് കസ്റ്റഡിയിലെടുത്തത്.മീനങ്ങാടി താഴത്തുവയൽ കലാപ്പിള്ളിൽ അമ്മിണി രാജന്റെ വീട്ടിലാണ് തിങ്കളാഴ്ച പകൽ മോഷണം നടന്നത്. അമ്മിണി വീടിന് പുറത്തിറങ്ങിയ സമയത്താണ് യുവതി അകത്ത് കയറി മാലയും വളയും കുട്ടികളുടെ മാലയും ഉൾപ്പെടെ ഏഴര പവൻ സ്വർണവും 2000 രൂപയും മോഷ്ടിച്ചത്. ചൊവ്വാഴ്ച വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
മോഷണം നടന്നെന്ന് പറയുന്ന സമയത്ത് സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ടെന്ന് സമീപവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. തുടർ അന്വേഷണത്തിലാണ് മീനങ്ങാടി എസ്.എച്ച്.ഒ ബിജു ആൻറണിയുടെയും എസ്.ഐ രാംകുമാറിന്റെയും നേതൃത്വത്തിൽ സി.പി.ഒ ഫിറോസ്ഖാൻ, എസ്.സി.പി.ഒ റസാഖ് എന്നിവരടങ്ങിയ സംഘം അഞ്ജുവിനെ കോളനിയിലെ വീട്ടിൽ നിന്നും പിടികൂടിയത്.മാല മീനങ്ങാടിയിൽ വിൽപന നടത്തിയെങ്കിലും പൊലീസ് വീണ്ടെടുത്തു. വളയും മാലയും അഞ്ജുവിന്റെ കൈവശമുണ്ടായിരുന്നു. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.