തൃശൂര്‍: തൃശൂരിലെ ആനയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പന്നിക്ക് കെണിവച്ചതില്‍ ആന കുടുങ്ങിയെന്ന് സംശയം. മരണം ഷോക്കേറ്റാണോ എന്നും സംശയം ഉയരുന്നുണ്ട്. റോയിയും സുഹൃത്തുക്കളുമാണ് വൈദ്യുതി കെണി ഒരുക്കിയത്. അതേസമയം, ആനയെ കുഴിച്ചിടാനെത്തിയത് ‘പാലാ ‘ സംഘമാണ്. പാലായില്‍ നിന്ന് നാലംഗ സംഘം സഹായത്തിനെത്തി. രണ്ടുലക്ഷത്തിലേറേ റോയി ഇവര്‍ക്ക് നല്‍കിയെന്നാണ് നിലവിലെ സൂചന. റോയിയുടെ സുഹൃത്തുകളായിരുന്നു ഇവര്‍. കുഴിച്ചിട്ടതും കൊമ്പെടുത്തതും പാലാ സംഘമാണ്. അവരത് മലയാറ്റൂരിലെ കൊമ്പ് കടത്തുകാര്‍ക്ക് കൈമാറുകയായിരുന്നു.
ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരില്‍ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത് പിടിയിലായ 4 പ്രതികളില്‍ ഒരാളെ വനം വകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്. അഖില്‍ മോഹനെയാണ് വനം വകുപ്പുദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ബാക്കി 3 പ്രതികള്‍ റിമാന്റിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ചാണ് ജഡം പുറത്തെടുത്തത്. 15 വയസ്സില്‍ താഴെ പ്രായമുള്ള ആനയുടെ കൊമ്പിന്റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നു. ജഡം കണ്ടെത്തിയ തോട്ടത്തിന്റെ ഉടമ ഒളിവിലാണ്.