പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം വേരിഫയിഡ് കണ്ടന്റ് ക്രിയേറ്റേഴ്സിന് നല്‍കുമെന്ന് ട്വിറ്റര്‍. കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ മറുപടിയില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ പങ്കായിരിക്കും ലഭിക്കുക. കഴിഞ്ഞ 3 മാസങ്ങളില്‍ ഓരോ മറുപടിയിലും കുറഞ്ഞത് 50 ലക്ഷം ഇംപ്രഷനുകള്‍ ലഭിച്ചിട്ടുള്ളതും സ്ട്രൈപ് പെയ്മെന്റ് അക്കൗണ്ട് ഉള്ളതുമായ കണ്ടന്റ് ക്രിയേറ്റേഴ്സാണ് ഈ വരുമാനത്തിന് അര്‍ഹരാവുക. ടെസ്ല സിഇഓ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍ പ്ലാറ്റ്ഫോമിലേയ്ക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള ലക്ഷ്യത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രിലില്‍ ട്വിറ്ററില്‍ ലേഖനങ്ങള്‍ വായിക്കുന്നതിന് ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കാന്‍ പ്രസാധകരെ അനുവദിക്കുമെന്ന് ഇലോണ്‍ മസ്ക് അറിയിച്ചിരുന്നു.
കൂടാതെ, മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ പരിഷ്കാരങ്ങളെ തുടര്‍ന്ന് ട്വിറ്ററില്‍ നിന്നകന്ന പരസ്യദാതാക്കളെ തിരികെ എത്തിക്കാനുള്ള പുതിയ മാര്‍ഗങ്ങളും ട്വിറ്റര്‍ പദ്ധതിയിടുന്നുണ്ട്. കൂട്ട പിരിച്ച് വിടലുകള്‍ ഏറെ നേരിട്ട പ്ലാറ്റ്ഫോമിനെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറ്റാനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിലാണ് കമ്പനിയിപ്പോള്‍. കൂടാതെ ഉപയോക്താക്കള്‍ക്ക് പ്രതിദിനം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം ട്വിറ്റര്‍ പരിമിതപ്പെടുത്തിയത് പ്ലാറ്റ്ഫോമിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നതിന് കാരണമായി. പരസ്യദാതാക്കളെ ആകര്‍ഷിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായിരുന്നു പുതിയ നീക്കം.