വാഷിങ്ടണ്‍: ഹോളിവുഡ് വീണ്ടും നിശ്ചലമാകുന്നു. ഹോളിവുഡില്‍ മൂന്ന് മാസമായി സിനിമ-ടിവി എഴുത്തുകാര്‍ തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അഭിനേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. 1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡാണ് ഏറ്റവുമൊടുവില്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വാള്‍ട്ട് ഡിസ്‌നി കമ്പനി, നെറ്റ്ഫ്‌ലിക്‌സ് ഇന്‍ക് എന്നിവയുള്‍പ്പെടെയുള്ള സ്റ്റുഡിയോകളെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍ ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സുമായി ഒരു പുതിയ തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് സമരം പ്രഖ്യാപിച്ചത്.
പ്രതിഫല വര്‍ധന, എഐ കാരണമുണ്ടാകാന്‍ പോകുന്ന തൊഴില്‍നഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം. എല്ലാ പ്രമുഖ വിനോദ കമ്പനികളും കഴിഞ്ഞ 18 മാസത്തിനുള്ളില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്. അഭിനേതാക്കളുടെ സമരം യൂണിയനുകളുമായി ബന്ധമില്ലാത്ത സ്വതന്ത്ര പ്രൊഡക്ഷനുകള്‍ ഒഴികെ വന്‍ സ്റ്റുഡിയോകളുടെ അടക്കം സിനിമകളുടെയും ടെലിവിഷന്‍ ഷോകളുടെ നിര്‍മ്മാണങ്ങളെ പ്രതിസന്ധിയിലാക്കി. ശമ്പള പരിഷ്‌കരണം, എഐയുടെ കടന്നുവരവ് കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പതിനൊന്ന് ആഴ്ച മുന്‍പ് ഹോളിവുഡിലെ എഴുത്തുകാര്‍ സമരം ആരംഭിച്ചത്.