ഇംഫാൽ : മണിപ്പുർ വംശീയകലാപത്തിനു ശേഷം ബാങ്കുകൾ തുറക്കുമ്പോൾ പുറത്തുവരുന്നത് കോടികൾ കൊള്ളയടിച്ച വിവരം. കാങ്പോപ്കി ജില്ലയിലെ മണിപ്പുർ കോഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖയിൽ നിന്ന് ഒരു കോടിയോളം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ മോഷണം പോയി. മേയ് 3ന് ആരംഭിച്ച കലാപത്തിനു ശേഷം പൂട്ടിയ ബാങ്ക് കഴിഞ്ഞ ദിവസം തുറന്നപ്പോഴാണ് മോഷണം അറിയുന്നത്. നേരത്തെ ചുരാചന്ദ്പുരിലെ ആക്സിസ് ബാങ്ക് തുറന്നപ്പോൾ രണ്ടേകാൽ കോടി രൂപയുടെ പണവും ആഭരണങ്ങളും മോഷണം കണ്ടെത്തിയിരുന്നു.
ഇതേസമയം, മണിപ്പുർ കലാപഭൂമി സന്ദർശിച്ചതിനു പിന്നാലെ ഗുരുതര കുറ്റങ്ങൾ ചുമത്തപ്പെട്ട അഭിഭാഷക ദീക്ഷ ദ്വിവേദിക്കു സുപ്രീം കോടതി ഇടക്കാല സുരക്ഷ അനുവദിച്ചു. കേസ് പരിഗണിക്കുന്ന 17 വരെ അറസ്റ്റ് പാടില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മണിപ്പുരിലെത്തിയ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൻ സംഘത്തിനൊപ്പം ദീക്ഷയുമുണ്ടായിരുന്നു.