ഭോപ്പാൽ: ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും നാല് മാസത്തിനിടെ എട്ടാമത്തെയും ചീറ്റയാണ് ചത്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് കുനോ നാഷണൽ പാർക്കിൽ ആഫ്രിക്കൻ ചീറ്റയായ സൂരജിനെ ചത്ത നിലയിൽ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച ദേശീയ പാർക്കിൽ മറ്റൊരു ആൺ ചീറ്റയായ തേജസിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഒരു പെൺചീറ്റയുമായി അക്രമാസക്തമായ പോരാട്ടത്തിന് ശേഷമുണ്ടായ ഷോക്കിനെ തുടർന്നാണ് തേജസ് ചത്തത്.
മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. ഏപ്രിൽ 23 ന് ഉദയ് എന്ന ചീറ്റയും അസുഖം കാരണം ചത്തു. മെയ് 9 ന് ദക്ഷ എന്ന പെൺ ചീറ്റ ഇണചേരൽ ശ്രമത്തിനിടെ ആൺ ചീറ്റയുടെ ആക്രമണത്തിൽ ചത്തു. അതിനിടെ നിർജലീകരണം കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങളും ചത്തു.
നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെയാണ് മധ്യപ്രദേശിൽ സംരക്ഷിക്കുന്നത്. ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ മേയ് അവസാനം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ സമിതിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്. ചീറ്റകളെ സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം നൽകിയെന്നും ഊർജിതമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ചീറ്റകളുടെ മരണം സ്വാഭാവികമാണെന്നും അസ്വഭാവികതകളില്ലെന്നുമാണ് കേന്ദ്ര നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് നടപ്പാക്കിയതാണ് ചീറ്റ പ്രൊജക്ട്. 20 എണ്ണം കൊണ്ടുവന്നതിൽ ആറെണ്ണം ചത്തു. ഒരു പെൺചീറ്റ ഇന്ത്യയിലെത്തിയ ശേഷമാണ് പ്രസവിച്ചത്. അതിലെ രണ്ട് കുട്ടികളാണ് ചത്തത്.