ദില്ലി: ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാൻ പോകുന്ന എയർ ഇന്ത്യയ്ക്ക് പുതിയ തലവൻ. വിക്രം ദേവ് ദത്തിനെയാണ് എയർ ഇന്ത്യയുടെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ തസ്തികയിൽ കേന്ദ്രസർക്കാർ നിയമിച്ചത്. ഡിസംബറോടെ ടാലസിന് കൈമാറാനിരുന്ന വിമാനക്കമ്പനിയുടെ കൈമാറ്റം വൈകുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ നടപടി.
കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ടാലസ് കമ്പനിയുടെ ബിഡ് അംഗീകരിച്ച് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്. 18000 കോടി രൂപയ്ക്കാണ് ടാലസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. പുതിയ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഇന്ന് മുതൽ ചുമതലയേറ്റതായി സിവിൽ ഏവിയേഷൻ വകുപ്പ് സെക്രട്ടറി രാജീവ് ബൻസൽ അറിയിച്ചു. ഇദ്ദേഹമായിരുന്നു എയർ ഇന്ത്യയുടെ ഇതുവരെയുള്ള തലവൻ.വിക്രം ദേവ് ദത്ത് 1993 ലെ ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളായ അരുണാചൽ പ്രദേശ്, ഗോവ, മിസോറം എന്നിവിടങ്ങളുടെ സംയുക്ത കേഡറിൽ അംഗമായിരുന്നു ഇദ്ദേഹം. അഡീഷണൽ സെക്രട്ടറിയുടെ തസ്തികയിലുള്ള ശമ്പളമാണ് വിക്രം ദേവ് ദത്തിന് എയർ ഇന്ത്യയുടെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സ്ഥാനത്ത് ലഭിക്കുക.