കോഴിക്കോട് > നവതിയിലെത്തിയ എം ടി വാസുദേവൻ നായർക്ക് ആദരവും ആശംസയും നേർന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൊണ്ണൂറാം പിറന്നാൾ ദിനമായ ശനിയാഴ്‌ച രാവിലെയാണ് യെച്ചൂരി കോഴിക്കോട്ടെ വീട്ടിലെത്തി മലയാളത്തിന്റെ മഹാപ്രതിഭക്ക് സ്‌നേഹശംസകൾ അറിയിച്ചത്. രാജ്യകാര്യങ്ങളും എഴുത്തുവിശേഷങ്ങളും എം ടി യെച്ചൂരിയുമായി പങ്കിട്ടു. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് മാതൃഭൂമി രാജ്യാന്തര അക്ഷരോത്സവത്തിന് വന്നപ്പോൾ കണ്ടത് ഇരുവരും ഓർമ്മിച്ചു. അന്ന് എം ടി ക്കൊപ്പമെടുത്ത ഫോടോ യെച്ചൂരി മൊബൈലിൽ കാണിച്ചു.
കണ്ണിന്റെ പ്രശ്‌നം മൂലം വായന കുറഞ്ഞതിലുള്ള സങ്കടം എംടി പങ്കിട്ടു. പുതിയ നോവൽ എഴുതി തുടങ്ങിയതായും പറഞ്ഞു. കാലാവസ്ഥ, ആരോഗ്യം ഇവയൊക്കെ എഴുത്തിന് തടസമാകുന്നു. പറഞ്ഞുകൊടുത്ത് എഴുതിച്ചൂടേ എന്നായി യെച്ചൂരി. അത് അബദ്ധമാകുമെന്നാണ് അനുഭവം. പറയുന്നതാകില്ല എഴുതിയിട്ടുണ്ടാകുക. പറഞ്ഞെഴുതിക്കുന്നതിൽ രചനയുടെ സർഗസുഖം കൈമോശം വരുമെന്നും എഴുത്തുകാരൻ വിശദീകരിച്ചു. മഹാഭാരതത്തിലെ ഭീമനെ നായകനാക്കിയുള്ള നോവൽ രണ്ടാമൂഴത്തെക്കുറിച്ചും സിനിമാപ്രവർത്തനത്തെപ്പറ്റിയും യെച്ചൂരി തെരക്കി. വിവിധ ഭാഷകളിൽ രണ്ടാമൂഴത്തിന് പരിഭാഷ വന്നു. സിനിമാപദ്ധതി മുന്നോട്ടുപോയില്ലെന്ന് എം ടി വിശദീകരിച്ചു. മോശമായ അന്തരീക്ഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന യെച്ചൂരിയുടെ പ്രതികരണത്തോട് എം ടി യോജിച്ചു. സി പി ഐ എം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം എംപി, സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്‌കുമാർ , ജില്ലാസെക്രട്ടറി പി മോഹനൻ, സെക്രട്ടേറിയറ്റംഗം എം ഗിരീഷ് എന്നിവരും യെച്ചൂരിക്കൊപ്പമുണ്ടായിരുന്നു.
ഏക സിവിൽ കോഡിനെതിരെ സിപിഐ എം കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് യെച്ചൂരി എത്തിയത്. വെെകിട്ട് നാലിനാണ് സെമിനാർ ഉദ്ഘാടനം.